ദൈവത്താല്‍ പേര്വിളിക്കപ്പെടുക
വികൃതി. പഞ്ചാര. തടിയന്. നാം നമ്മുടെ കുട്ടികള്‍ക്ക് നല്കുന്ന ചില ഇരട്ടപ്പേരുകള്‍ ആണിവ. ഈ പേരുകളില്‍ ഭൂരിഭാഗവും സൃഷ്ടിച്ചിരിക്കുന്നത് അവരുടെ സ്വഭാവം, ശാരീരിക രൂപം, അല്ലെങ്കില്‍ അവര്‍ക്കു പ്രിയങ്കരമായ കാര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്.
വിളിപ്പേരുകള്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല - അവ ബൈബിളില്‍ പോലും ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. ഉദാഹരണത്തിന്, യേശു അപ്പൊസ്തലന്മാരായ യാക്കോബിനെയും യോഹന്നാനെയും ''ഇടിമക്കള്'' എന്ന് വിളിക്കുന്നു (മര്‍ക്കൊസ് 3:17). ബൈബിളില്‍ ഒരാള്‍ തനിക്കുതന്നെ ഇരട്ടപ്പേര് നല്‍കുന്നത് അപൂര്‍വ്വമാണെങ്കിലും, നൊവൊമി എന്നു പേരുള്ള ഒരു സ്ത്രീ തന്നെ 'കൈപ്പ്'' എന്നര്‍ത്ഥമുള്ള 'മാറാ'' എന്നു വളിക്കാന്‍ ജനത്തോടാവശ്യപ്പെട്ടപ്പോള് അതു സംഭവിച്ചു (രൂത്ത് 1:20). അവളുടെ ഭര്‍ത്താവും രണ്ടു പുത്രന്മാരും മരിച്ചതായിരുന്നു അതിനു കാരണം. ദൈവം തന്റെ ജീവിതം കയ്പേറിയതാക്കി എന്ന് അവള്‍ക്ക് തോന്നി (വാ. 21).
എന്നിരുന്നാലും നവോമി സ്വയം നല്കിയ പുതിയ പേര് നിലനിന്നില്ല. കാരണം, ആ നാശനഷ്ടങ്ങള്‍ അവളുടെ കഥയുടെ അവസാനമായിരുന്നില്ല. അവളുടെ ദുഃഖത്തിനിടയില്‍, ദൈവം അവള്‍ക്ക് സ്നേഹസമ്പന്നയായ മരുമകളായ രൂത്തിനെ നല്കി അവളെ അനുഗ്രഹിച്ചു; രൂത്ത് പിന്നീട് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകനുണ്ടാകുകയും ചെയ്തു. അങ്ങനെ നവോമിക്ക് വീണ്ടും ഒരു കുടുംബമുണ്ടായി.
നാം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ നാം വരുത്തിയ തെറ്റുകള്‍ അടിസ്ഥാനമാക്കി ''പരാജയം'' അല്ലെങ്കില്‍ ''സ്നേഹിക്കപ്പെടാത്തത്'' എന്നിങ്ങനെ കയ്പുള്ള വിളിപ്പേരുകള്‍ നല്കാന് നാം ചിലപ്പോള്‍ പ്രലോഭിപ്പിക്കപ്പെടുമെങ്കിലും, ആ പേരുകള്‍ നമ്മുടെ കഥയുടെ അവസാനമല്ല. നമുക്ക് ഓരോരുത്തര്‍ക്കും ദൈവം നമുക്കു നല്കിയ ''പ്രിയമുള്ളവര്‍' (റോമര്‍ 9:25) എന്ന പേര് ഉപയോഗിച്ച് ആ പേരുകള്‍ മാറ്റിയിടാം. മാത്രമല്ല ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും അവന് നമുക്കായി തുറക്കുന്ന വഴികള്‍ കാണുക.
ഒരു കുമിളയില്‍ ജീവിക്കുക
കുട്ടികളായിരുന്നപ്പോള്‍ നമ്മളില്‍ പലരും കളിക്കുന്നതിനിടയില്‍ സോപ്പ് ''കുമിളകള്‍''പറത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. വായുവില്‍ ഈ വലുതും ചെറുതുമായ അര്‍ദ്ധസുതാര്യ ഗോളങ്ങള്‍ തിളങ്ങുകയും ഒഴുകിനടക്കുകയും ചെയ്യുന്നതു കാണുന്നത് ഒരു ഉത്സവം ആയിരുന്നു. മനംമയക്കുന്ന ഈ ''കുമിളകള്‍'' മനോഹരമാണെന്നു മാത്രമല്ല ജീവിതമെന്ന ഈ ഹ്രസ്വകാല അനിശ്ചിതത്വത്തെക്കുറിച്ചും അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ചില സമയങ്ങളില്‍ നാം ജീവിക്കുന്നത് ഒരു ''കുമിള'യിലാണെന്ന് നമുക്ക് തോന്നിപ്പോകും. ജീവിത ഓട്ടം പൂര്‍ത്തിയാക്കാനോ അല്ലെങ്കില്‍ വിജയിക്കാനോ എന്താണ് വേണ്ടതെന്ന് നമുക്ക് ഉറപ്പില്ലാതെ നാം നിന്നുപോകും. നമുക്ക് അങ്ങനെ തോന്നുമ്പോള്‍, യേശുവില്‍ ഒരിക്കലും നമ്മുടെ വിധിയെക്കുറിച്ച് നാം അനിശ്ചിതത്വത്തിലല്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ദൈവമക്കളെന്ന നിലയില്‍, അവന്റെ രാജ്യത്തില്‍ നമ്മുടെ സ്ഥാനം സുരക്ഷിതമാണ് (യോഹന്നാന് 14:3). നമ്മുടെ ജീവിതം പടുത്തുയര്‍ത്തിയ ''മൂലക്കല്ലായി'' യേശുവിനെ തിരഞ്ഞെടുത്തവനില്‍ നിന്നാണ് നമ്മുടെ ആത്മവിശ്വാസം പ്രവഹിക്കുന്നത്. ദൈവാത്മാവിനാല്‍ നിറയപ്പെട്ട - ദൈവം നമ്മെ സൃഷ്ടിച്ച ഉദ്ദേശ്യത്തിനനുസരിച്ച് ദൈവജനമാകാന്‍ കഴിവുള്ളവരായ - ''ജീവനുള്ള കല്ലുകളായി'' അവന് നമ്മെ തിരഞ്ഞെടുത്തു (1 പത്രൊസ് 2:5-6).
ക്രിസ്തുവില്‍ നാം പ്രത്യാശിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാണ് (വാ. 6). '[നമ്മള്] വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു'' ( വാ. 9) .
യേശുവിന്റെ കാഴ്ചയില്‍ നാം ''കുമിളയില്‍'' അല്ല. നാം വിലയേറിയവരും പ്രിയപ്പെട്ടവരുമാണ് (വാ. 4).
സമയത്തിലൂടെ സഞ്ചരിക്കുന്ന കത്തുകള്‍
ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാര്‍ അന്താരാഷ്ട്ര കത്തെഴുത്തു മത്സരത്തില്‍ പങ്കെടുക്കുന്നു. 2018-ല്‍, മത്സരത്തിന്റെ തീം ഇതായിരുന്നു: 'സമയത്തിലൂടെ സഞ്ചരിക്കുന്ന ഒരു കത്താണ് നിങ്ങള്‍ എന്നു സങ്കല്‍പ്പിക്കുക. എന്തു സന്ദേശമാണ് നിങ്ങളുടെ വായനക്കാരെ അറിയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്?'
ബൈബിളില്‍ നമുക്ക് കത്തുകളുടെ ഒരു ശേഖരം തന്നെയുണ്ട് - പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും നന്ദി. അവ സമയത്തിന്റെ അതിരുകള്‍ പിന്നിട്ട് നമുക്കു ലഭിച്ചിരിക്കുന്നു. ക്രിസ്തീയ സഭ വളരുന്നതിനനുസരിച്ച്, യേശുവിന്റെ ശിഷ്യന്മാര്, ക്രിസ്തുവിലുള്ള പുതിയ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിശ്വാസികളെ സഹായിക്കുന്നതിനായി യൂറോപ്പിലെയും ഏഷ്യാമൈനറിലെയും പ്രാദേശിക സഭകള്‍ക്ക് കത്തെഴുതി. ആ കത്തുകളില്‍ പലതും ഇന്ന് നാം വായിക്കുന്ന ബൈബിളില്‍ ശേഖരിച്ചിരിക്കുന്നു.
ഈ കത്തെഴുത്തുകാര്‍ വായനക്കാരെ അറിയിക്കാന്‍ ആഗ്രഹിച്ചത് എന്താണ്? യോഹന്നാന് തന്റെ ആദ്യ കത്തില്‍, ''ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം'' സംബന്ധിച്ചാണ് താന്‍ എഴുതുന്നത് എന്ന് വിശദീകരിക്കുന്നു. ജീവനുള്ള ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചാണ് അവന് എഴുതുന്നത് (1 യോഹന്നാന് 1:1). തന്റെ വായനക്കാര്‍ക്ക് പരസ്പരവും ''പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും'' കൂട്ടായ്മ ഉണ്ടാകുന്നതിനായി അവന് എഴുതുന്നു (വാ. 3). നമുക്ക് ഒരുമിച്ച് കൂട്ടായ്മ ഉണ്ടാകുമ്പോള്‍, അവന് എഴുതുന്നു, നമ്മുടെ സന്തോഷം പൂര്‍ണ്ണമാകും (വാ. 4). ബൈബിളിലെ അക്ഷരങ്ങള്‍ കാലത്തിനപ്പുറമുള്ള, നിത്യ ദൈവവുമായുള്ള ഒരു കൂട്ടായ്മയിലേക്ക് നമ്മെ ആകര്‍ഷിക്കുന്നു.
അവന്റെ മരണം ജീവന് നല്കുന്നു
തെക്കേ അമേരിക്കയിലെ ജോവാന എന്ന സ്ത്രീ, ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ജയിലുകളിലെ തടവുകാര്‍ക്ക് പ്രത്യാശ നല്കുന്നതില് ശ്രദ്ധാലുവായിരുന്നു. തടവുകാര്‍ക്ക് ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ലളിതമായ ഒരു സുവിശേഷ സന്ദേശം എത്തിക്കുന്നതിനായി ജൊവാന ദിനംപ്രതി തടവുകാരെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവള് അവരുടെ വിശ്വാസം നേടി, അവരുടെ മോശമായ ബാല്യകാലത്തെക്കുറിച്ച് അവളോടു സംസാരിക്കാന്‍ അതവരെ പ്രേരിപ്പിച്ചു. ഒപ്പം ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം അവള് അവര്‍ക്ക് കാണിച്ചുകൊടുത്തു. അവളുടെ സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള വര്‍ഷം ജയിലില്‍ തടവുകാര്‍ക്കും കാവല്‍ക്കാര്‍ക്കുമെതിരെ 279 അക്രമ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അടുത്ത വര്‍ഷം അതു കേവലം രണ്ടെണ്ണം മാത്രമായിരുന്നു.
അപ്പൊസ്തലനായ പൗലൊസ് എഴുതി, ''ഒരുത്തന് ക്രിസ്തുവിലായാല്‍ അവന് പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു!'' (2 കൊരിന്ത്യര്‍ 5:17). ഫ്ളാന്‍ഡര്‍സ് തോമസ് രേഖപ്പെടുത്തിയതുപോലെ ആ പുതുക്കത്തെ അത്യധികം നാടകീയമായി നമുക്ക് എല്ലായ്പ്പോഴും കാണാന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം എങ്കിലും രൂപാന്തരം വരുത്താനുള്ള സുവിശേഷത്തിന്റെ ശക്തി തന്നെയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രത്യാശ നല്കുന്ന ബലം. പുതിയ സൃഷ്ടികള്‍. എന്തൊരു അത്ഭുതകരമായ ചിന്ത! യേശുവിന്റെ മരണം അവനെപ്പോലെയാകാനുള്ള നമ്മുടെ യാത്രയ്ക്കു - അവനെ നാം മുഖാമുഖം കാണുമ്പോള്‍ അവസാനിക്കുന്ന ഒരു യാത്ര (1 യോഹന്നാന് 3:1-3 കാണുക) - തുടക്കം കുറിക്കുന്നു.
യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം നമ്മുടെ ജീവിതത്തെ പുതിയ സൃഷ്ടികളെന്ന നിലയില്‍ ആഘോഷിക്കുന്നു. എന്നിരുന്നാലും ഇതിനുവേണ്ടി ക്രിസ്തു എന്തു വിലകൊടുത്തു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവന്റെ മരണം നമുക്ക് ജീവന് നല്കുന്നു. 'പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന് നമുക്കു വേണ്ടി പാപം ആക്കി'' (2 കൊരിന്ത്യര്‍ 5:21).
പോകാനനുവദിക്കുക
''നിങ്ങളുടെ പിതാവ് ക്രിയാത്മകമായി മരിച്ചുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന നഴ്സ് പറഞ്ഞു. ''ക്രിയാത്മകമായി മരിക്കുക'' എന്നത് മരിക്കുന്ന പ്രക്രിയയുടെ അവസാന ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്, ഇത് എനിക്ക് ഒരു പുതിയ പദമായിരുന്നു. അത് ഏകാന്തമായ വണ്‍വേ റോഡിലൂടെ തനിയെ യാത്ര ചെയ്യുന്നത് പോലെ വിചിത്രമായി തോന്നി. എന്റെ അച്ഛന്റെ അവസാന ദിവസം, അദ്ദേഹത്തിന് ഇപ്പോഴും ഞങ്ങളെ കേള്‍ക്കാന്‍ കഴിയുമോ എന്ന് അറിയാതെ, ഞാനും ചേച്ചിയും അടുത്ത് കട്ടിലില്‍ ഇരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ മൊട്ടത്തലയില് ഞങ്ങള്‍ ചുംബിച്ചു. ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോടു മന്ത്രിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന് ഒരു ഗാനം ആലപിക്കുകയും 23-ാം സങ്കീര്‍ത്തനം ഉദ്ധരിക്കുകയും ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും ഞങ്ങളുടെ ഡാഡി ആയിരിക്കുന്നതിന് നന്ദിയുണ്ടെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം യേശുവിനോടു ചേരുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹത്തിന് പോകാമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ആ വാക്കുകള്‍ പറയുന്നത് പോകാനനുവദിക്കുന്നതിന്റെ വേദനാജനകമായ ആദ്യപടിയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുശേഷം ഞങ്ങളുടെ ഡാഡി സന്തോഷപൂര്‍വ്വം തന്റെ നിത്യഭവനത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു.
പ്രിയപ്പെട്ട ഒരാളുടെ അവസാന വിടപറയല്‍ വേദനാജനകമാണ്. തന്റെ നല്ല സുഹൃത്തായ ലാസര്‍ മരിച്ചപ്പോള്‍ യേശുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി (യോഹന്നാന് 11:35). എന്നാല്‍ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ ഉള്ളതിനാല്‍ ശാരീരിക മരണത്തിനപ്പുറം നമുക്ക് പ്രത്യാശയുണ്ട്. സങ്കീര്‍ത്തനം 116:15 പറയുന്നു, ദൈവത്തിന്റെ ''ഭക്തന്മാരുടെ'' - അവന്റെ വകയായിട്ടുള്ളവര്‍ - 'മരണം' അവനു വിലപ്പെട്ടതാണ്. അവര്‍ മരിക്കുന്നുവെങ്കിലും അവര്‍ വീണ്ടും ജീവിക്കും.
യേശു വാഗ്ദാനം ചെയ്യുന്നു, ''ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന് ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന് 11:25-26). നാം എന്നേക്കും ദൈവസന്നിധിയില്‍ ആയിരിക്കും എന്നറിയുന്നത് എന്ത് ആശ്വാസമാണ് നല്‍കുന്നത്!